Monday, April 29, 2013

നല്ല ശമരിയാക്കാരൻ

തെരുവിൽ വച്ചാണു എന്നെ പട്ടി കടിച്ചതു് . കണങ്കാലിലൂടെ
ചോരയൊഴുകി താഴോട്ടു വീണു പാദവും വിരലുകളും ചുവപ്പിൽ
കുളിച്ചു . സഹായത്തിനാരെ വിളിക്കാൻ . തെരുവു വിജനം.

തെരുവിലൂടെ ബംഗ്ലാവു പോലുള്ള കാറുകളിൽ മുന്തിയ
ഹോട്ടലുകളിലേക്കു നൈറ്റ് പാർട്ടിക്കു പോകുന്നവരെ സഹായത്തി
നായി മുറിവേറ്റ കാലുയർത്തി കാട്ടി ഞാൻ വിളിച്ചു നോക്കി . ആരു
ശ്രദ്ധിക്കാൻ . ഒന്നു രണ്ടു തവണ കൂടെ അതിനു ശ്രമിച്ചു പരാജയ
പ്പെട്ടു . പതുക്കെ മുടന്തി മുടന്തി ഞാൻ നടക്കാൻ തുടങ്ങി .

സാറേ നില്ക്കു് എന്തു പറ്റിയെന്ന ചോദ്യം കേട്ടു ഞാൻ തിരിഞ്ഞു
നോക്കി. മുല്ലപ്പൂ ചൂടി മുറുക്കി ചുവപ്പിച്ചു വാലിട്ടു കണ്ണെഴുതി
അല്പം മുഷിഞ്ഞ സാരി ഉടുത്ത ആ , സ്ത്രീയെ കണ്ടപ്പോഴെ
ആളെ പിടി കിട്ടി. എങ്കിലും ആ , അന്വേഷണം എന്നെ ആശ്വ
സിപ്പിച്ചു.
ഞാൻ , പട്ടി കടിച്ചു മുറിച്ച കാലു കാണിച്ചു കൊടുത്തു വിവ
രം പറഞ്ഞു . കാലിൽ ചുറ്റി കെട്ടാൻ എന്തെങ്കിലും തുണി ലഭിക്കു
മോയെന്നു തിരക്കി. ആ , നിശാസുന്ദരി കൈയ്യിലെ ബാഗ് തുറന്നു
നീണ്ട കർച്ചീഫെടുത്തു കുനിഞ്ഞു നിന്നു് എന്റെ കാലിലെ മുറിവിൽ
ആ, കർച്ചീഫ് കെട്ടി രക്തം ഒഴുകുന്നതിനു ശമനം വരുത്തുന്ന
സമയത്താണു് പോലീസു വാഹനം ഞങ്ങളുടെയടുത്തു ഇരമ്പി
വന്നു നിന്നതു് .

പോലീസുദ്യേഗസ്ഥൻ അടുത്തു വന്നു് ആജ്ഞാപിച്ചു . രണ്ടും
വന്നു് വണ്ടിയിൽ കേറു് . ഞാൻ, എന്നെ പട്ടി കടിച്ച വിവരം പോലീ
സിനോടു പറഞ്ഞു . മുറിവു പറ്റിയ കാലു് ഉയർത്തി പോലീസുദ്യോ
ഗസ്ഥനു നേരെ കാണിച്ചു കൊടുത്തു.
അതെല്ലാം അങ്ങു കോടതിയിൽ പറഞ്ഞാൽ മതി എന്നു പറഞ്ഞു്
അയാൾ ജീപ്പിനു നേരെ നടന്നു . ഞങ്ങൾ തല കുനിച്ചു പോലിസുദ്യോ
ഗസ്ഥനു പുറകെ നടന്നു. റോഡിൽ മുന്തിയ ഇനം കാറുകൾ നിറുത്തി
ചിലർ ഡോർ തുറന്നു പുറത്തിറങ്ങിയും ചിലർ ഗ്ലാസു താഴ്ത്തി കാറി
നകത്തിരുന്നും നോക്കുന്നതു കണ്ടു .

7 comments:

  1. പൊലീസ് കര്‍ത്തവ്യനിര്‍വഹണം സ്തുത്യര്‍ഹമായി നിര്‍വഹിച്ചു

    ReplyDelete
  2. ഇതെല്ലാം അങ്ങു കോടതിയിൽ പറഞ്ഞാൽ മതി..

    ReplyDelete
  3. കുഞ്ഞു കഥ കൊള്ളാം!
    (ഇതിലിപ്പോ ആരാ നല്ല ശമരിയാക്കാരൻ!? )

    ReplyDelete
  4. അതെല്ലാം അങ്ങു കോടതിയിൽ പറഞ്ഞാൽ മതി

    ReplyDelete
  5. ഇങ്ങനെ പോലീസ്‌ പെരുമാറുമോ? അവിശ്വസനീയമായ കഥ.

    ReplyDelete
  6. വേശ്യാ സ്ത്രീയെയും ഒരു പുരുഷനെയും
    ഒരുമിച്ചു കണ്ടാൽ അതു നിസ്സാരമായി
    കാണുന്ന സമൂഹത്തിൽ ഉദയപ്രഭന്റെ
    ചോദ്യം പ്രസക്തം.
    കഥ വിശ്വസനീയമാകണമെന്ന കാഴ്ച
    പ്പാടിനോടു യോജിക്കാനാകില്ല.

    ReplyDelete
  7. സാഹചര്യ തെളിവ് മാത്രം

    ReplyDelete