Saturday, December 14, 2013

സ്വവർഗ്ഗ രതിക്കാർക്ക് നഷ്ടപ്പെടുന്ന മധുരമനോജ്ഞ അനുഭവങ്ങൾ    സ്വവർഗ്ഗരതി കുറ്റകരമാണു് എന്ന സുപ്രീം കോടതി വിധി
സംബന്ധിച്ചു് എതിർത്തും അനുകൂലിച്ചും അഭിപ്രായങ്ങൾ
ഉയർന്നു വരികയാണല്ലോ. ആണിനും പെണ്ണിനും വിവാഹം
കഴിച്ചു ജീവിക്കാമെങ്കിൽ പെണ്ണിനും, പെണ്ണിനും അല്ലെങ്കിൽ
ആണിനും ആണിനും വിവാഹം കഴിച്ചു ഒരുമിച്ചു ജീവിക്കാൻ
അവകാശമില്ലേ ? അതു നിയമ വിരുദ്ധമെന്നു് പറയുന്നതു്
മൗലികാവകാശങ്ങളുടെയും പൗരസ്വാതന്ത്ര്യത്തിന്മേലുമുള്ള
കൈയ്യേറ്റമാണെന്ന പൊതു നിലപാടിനെ അതേ പോലെ
അംഗീകരിക്കുമ്പോൾ തന്നെ സ്വവർഗ്ഗ പ്രേമികൾക്ക് ,അസു
ലഭവും അനിർവ്വചനീയവുമായ ജീവിതത്തിന്റെ മധുരമനോജ്ഞ
അനുഭവങ്ങൾ നഷ്ടപ്പെടുന്നതോർക്കുമ്പോൾ സ്വവർഗ്ഗ പ്രേമവും
സ്വവർഗ്ഗ രതിയും പരിത്യജിക്കപ്പേടേണ്ടതു തന്നെയെന്നാണു്
എന്റെ ഉറച്ച അഭിപ്രയാം .

       ഒരു കരിവണ്ടു് മൂളിപ്പറന്നു് പൂവിനെ വട്ടമിട്ടു പറന്നടുക്കുമ്പോൾ
പൂവു് ഇതളുകൾ ചലിപ്പിച്ചു് വണ്ടിന്റെ സമാഗമത്തിനു കൊതിക്കു
ന്നതും വണ്ടു് പൂവിൽ നിന്നും തേൻ മുകരുന്നതും , നിർവൃതിയോടെ
വണ്ടു പാറിയകലുന്നതും വിടർന്ന കണ്ണുകളിലെ ആലസ്യത്തോടെ
പൂവു് നില്ക്കുന്നതും നാം കാണാറുള്ളതാണു് . ചുവട്ടിൽ ഒരു കരി
യില മറ്റൊന്നിനു മേൽ സ്പർശിച്ചു കിടക്കുന്നതും ചിലപ്പോഴെക്കെ
നമുക്കു കാണാനാകും. വണ്ടിന്റെയും പൂവിന്റെയും സ്ഥാനത്തു ആണി
നെയും പെണ്ണിനെയും , കരിയിലകളുടെ സ്ഥാനത്തു സ്വവർഗ്ഗ പ്രേ
മികളെയും സങ്കല്പിച്ചു നോക്കൂ , അനുഭവങ്ങളുടെ വ്യത്യാസം മന
സ്സിലാക്കാൻ കഴിയുമല്ലോ .

        ഇഷ്ടം ആപേക്ഷികമാണെന്നു സമ്മതിക്കുമ്പോൾ തന്നെ
അതിനു ശാസ്ത്രിയമായ ചില നിബന്ധനകൾ ലിംഗപരമായി
നിലനില്ക്കുന്നു . കാന്തത്തിനോടു ചെമ്പും സ്വർണ്ണവും വെള്ളിയും
കാണിക്കാത്ത പ്രതിപത്തി ഇരുമ്പു കാട്ടുന്നതു പോലെ ഒരു പ്ര
പഞ്ച നിബന്ധന സ്ത്രീക്കും പുരുഷനുംശാസ്ത്രം തന്നെ കല്പിച്ചു
കൊടുത്തിട്ടുണ്ടു്. പരസ്പരം ഒന്നിച്ചു ചേരാനുള്ള അന്ത:ചോദന
ഇരുമ്പിനും കാന്തത്തിനുമെന്ന പോലെ സ്ത്രീക്കും പുരുഷനും
മാത്രമായിട്ടു നിർവ്വചിക്കപ്പെട്ടിരിക്കുകയാണു് . പുരുഷന്റെ കരം
സ്നേഹപൂർവ്വം സ്ത്രീയെ സ്പർശിക്കുമ്പോളോ സ്ത്രീയുടെ
കൈകൾ പുരുഷനെ സ്പർശിക്കുമ്പോളോ ഉണ്ടാകുന്ന വിദ്യുത്
തരംഗത്തിൽ നഢീ ഞരമ്പുകൾ ഉണർന്നു് ദേഹാസകലം ഉല
യുന്ന അനുഭൂതി പ്രവാഹത്തിന്റെ അനിർവ്വചനീയമായ ആ സുഖം
പെണ്ണും പെണ്ണും , ആണും ആണും തമ്മിൽ ഇതു പോലെ സ്പർ
ശിച്ചാൽ ഒരിക്കലും കരഗതമാകില്ല . അതു കരിയിലയുടെ പുറത്തു
കരിയില തൊട്ടുരുമ്മുന്നതു പോലെ ജഢ സമാനമായ സ്പർശ
നമായിരിക്കും.

       സ്വവർഗ്ഗരതി തന്നെ വെറും സാങ്കല്പികം മാത്രമാണു് . പരമ്യ
ത്തിലെത്താത്ത യാന്ത്രിക ചലന പ്രക്രിയയിലൂടെ ഇക്കൂട്ടരുടെ
കപട വ്യക്തിത്വം ഈ പവങ്ങളെ ഇല്ലാത്ത സുഖത്തിന്റെ മരുപ്പച്ച
കാട്ടി പറ്റിച്ചു കൊണ്ടിരിക്കുന്നു . അതേ സമയം പ്രണയത്തിനും
വിരഹത്തിനും , പിണക്കത്തിനും , വഴക്കു കൂടലിനും ,തല്ലിനും
ഇടയിൽ ജീവിതത്തിന്റെ മധുരമനോജ്ഞ അനുഭവത്തിലൂടെ സ്ത്രീയും
പുരുഷനും തങ്ങളുടെ  കർമ്മകാണ്ഡങ്ങൾ പിന്നിടുന്നു .

        അതു കൊണ്ടു് സ്വവർഗ്ഗ പ്രണയത്തെ, രതിയെ നമ്മൾ ഏതു
സ്വാതന്ത്രത്തിന്റെ പേരിലായാലും പ്രോത്സാഹിപ്പിക്കരുതു് . ഇണ
യോടൊപ്പം നമ്മൾ അനുഭവിക്കുന്ന ആ വിവരണതീതമായ ,
അനുഭൂതികളിലേക്കു കൂപ്പു കുത്താൻ ഈ ദൗർഭാഗ്യ വ്യക്തിത്വങ്ങ
ളെ സജ്ജരാക്കാനാണു് നമ്മൾ ഉദ്യമിക്കേണ്ടതു്. ഇന്നത്തെ നിശ
അനുഭ്രതിദായകമാകട്ടെ.

Friday, August 2, 2013

മാഞ്ഞുപോയ സിന്ദൂരംസിന്ദൂരം മാഞ്ഞു പോയൊരാ ദിനത്തിൻ
ആർദ്രമാം സ്മരണകൾ തേടി വന്നെത്തൂ
വീണ്ടുമൊരു കർക്കിട വാവിൻ തീരത്തു
കാത്തു മണല്പായയിലിരുന്നു ഞാൻ

വന്നെത്തുകില്ലെന്നറിയാമെങ്കിലും
മാനസം കൊതിപ്പതിന്നുമാ സാമീപ്യം
വേർപ്പെട്ടു പോയതു ജീവിതത്തിന്റെ
കൈവിടാതെ കൊതിച്ച പ്രാണനല്ലോ

മോഹങ്ങൾ , കൊച്ചു കൊച്ചു സങ്കല്പങ്ങൾ
തളിരണിഞ്ഞെന്നു കൊതിച്ച നാളുകൾ
കാർമേഘമെന്നും മൂടിയ നഭസ്സൊരു
തെളിർവാനമായി തീർന്ന ദിനങ്ങൾ
സംരക്ഷണത്തിൻ ദൃഢമാം കരത്തിൽ
കാലങ്ങളനസ്യൂതം താണ്ടും വേളയിൽ
നിർദ്ദയം മൃത്യു കവർന്നെടുത്തതെന്തേ
എൻ കൊച്ചു സൗഭാഗ്യ സന്തോഷങ്ങളെ

കഠിനചിത്തം വിധി വന്നെന്നുടെ
ജീവിതമെന്തിവ്വിധം , തല്ലിത്തകർത്തൂ
മാഞ്ഞു പോയി ഹാ! സിന്ദൂരം നെറ്റിയിൽ
മാലിൻ നിഴലെന്നെ ചുറ്റിലും പൊതിയൂ
കർക്കിടക വാവിൻ ദിനത്തിലർപ്പിക്കൂ
ഈ ബലി , ഞാൻ ജീവിച്ചു മരിക്കുന്നു
ഭാഗപത്രമായി വിധി നല്കിയൊരൂ -
ഷര ഭൂവിൽ വീണ്ടു കീറിയ പാതയിൽ
ദാഹിക്കുന്ന ദേഹിക്കു കുടിയ്ക്കുവാൻ
കാലമേ കണ്ണുനീർ പാനപാത്രം തരൂ .Friday, July 19, 2013

ശിശിരം കടന്നു് ഗ്രീഷ്മത്തിലേക്ക്


ശിശിരത്തിലെയുണങ്ങിയ
മരച്ചില്ല പോലെ
എന്റെ പ്രണയം നിശ്ചലം
തണുത്ത കാറ്റേല്ക്കുന്നു
ചതുര ഹിമക്കട്ടയിൽ തൊട്ടു
നിന്റെ ഉഷ്ണം പിൻവാങ്ങി
അതെന്റെ ചുണ്ടുകളായി
നീ തെറ്റിദ്ധരിച്ചതാണു്

ഹൃദയത്തിലേക്ക്
നിന്റെ ചുടു നിശ്വാസം
അടർന്നടന്നു വീഴുന്നു
അതു ചെന്നെത്തുന്നതു
ഒരു ഹിമപാതത്തിലേക്ക്

ന്യൂനമെത്രയോ കടന്ന
ശൈത്യത്തിന്റെയാഹ്ലാദം
ഏതൊരുയുഷ്ണമാപിനികളെയും
നിർദ്ദയം സ്തംഭിപ്പിക്കും
ഇല്ലാതെ പോകുമെന്നു
അറിയാവുന്ന ഗ്രീഷ്മം , വിടാതെ
എന്തിനു സഹചാരിയാകുന്നു

അസ്വീകാര്യതക്കു കീഴടങ്ങാത്ത
ഉഷ്ണമേ നില്ക്കൂ , സജ്ജയും
സന്നദ്ധയുമായി വെമ്പിടൂ
പ്രണയത്തിന്റെ മരച്ചില്ല
നിന്റെ ചുടു് ഇന്നെന്നെയുണർത്തി
ഈ , നീണ്ട കാത്തിരിപ്പു്
എന്റെ പ്രതിപത്തിക്കുള്ള ഉപായനം !

Monday, July 15, 2013

ദൈവവും മനുഷ്യനും


മുന്നേച്ചെന്നു പറഞ്ഞു
തെയ്യമെത്തുമെന്നു കൂടെയുള്ളോർ
നാലു കെട്ടിൻ നടുമിറ്റത്തു
കൂപ്പു കൈയ്യുമായി കരണോർ
കൂടെ വീട്ടുകാരെല്ലാരും
ഭക്തി കടുന്തുടി കൊട്ടും കൃഷ്ണ
മണികളാൽ നോക്കി
അത്രക്കു ഗുണം തേടിയത്രക്കു
അനുഗ്രഹ വർഷത്തിനായി

വളകൾ കിലുക്കി , കാൽച്ചിലമ്പു
കുലുക്കി ചുവടിനൊപ്പം
ലാസ്യ താണ്ഡവ നൃത്തം ചവിട്ടി
തമ്പുരാൻ കല്പിച്ചു നല്കിയ
ധർമ്മാനുഷ്ഠാനം , ഉരിയാട്ടു കേൾപ്പിച്ചു
അർച്ചനകളാം കണ്ണു വാങ്ങി
മൂക്കു വാങ്ങി , വെള്ളിപാത്രവും
കൈയ്യിലേറ്റു വാങ്ങി , ഗുണം
വരട്ടെയെന്നു മനം നിറഞ്ഞു
ചൊല്ലി വണ്ണാൻ, ഇന്നലെ
വായ് പൊത്തി ഓച്ഛനിച്ചു
നിന്ന , ചിരട്ടയിൽ കാപ്പി തന്ന
തറവാട്ടിനുള്ളിൽ കയറി
പൂമുഖം കടന്നു , മുറികൾ കടന്നു
പടിഞ്ഞാറ്റിയിലെ പവിത്രത
അറിഞ്ഞു , ചൊല്ലി ഗുണം വരട്ടെ
ഇവിടെല്ലാർക്കും ഗുണം വരട്ടെ
മഞ്ഞക്കുറി വീശി തൂകി , തെയ്യം

തൊഴുതൂ കാരണവർ , തെയ്യം
പടിയിറങ്ങുമ്പോളൊന്നു കൂടി
മുഖത്തെഴുത്തുയഴിച്ചു കളഞ്ഞു
അരച്ചമയങ്ങൾ മാറ്റി , നാളെ
വണ്ണാൻ വായ്പൊത്തി നില്ക്കുമീ
തറവാട്ടിൻ പടിക്കലാദരാൽ .

Saturday, July 13, 2013

മരത്തിന്റെ മരണം

 പടർന്നു കയറിയ വള്ളിച്ചെടി
തായ്ത്തടിയിൽ പറ്റിപ്പിടിച്ചു വേദനിച്ചതു്
അല്പ മാത്രയിൽ മാമരത്തോടൊപ്പം
തന്റെ അവസാനമടുത്തെന്ന തിരിച്ചറിവില്ലല്ല
മഴുവിന്റെ മൂർച്ച മരത്തിന്റെയാത്മാവു്
ഭേദിക്കുമ്പോൾ വേരുകളുടെ പിടച്ചിൽ
വള്ളിച്ചെടിക്കു അനുഭവേദ്യമായതിനാലാണു്

ശിഖരങ്ങളിൽ കൂടു കൂട്ടിയ പറവകൾ
നൗകയോടൊപ്പം മുങ്ങിത്താഴുന്ന നാവികരായി
വള്ളിച്ചെടി മരത്തോടു കൂടുതൽ ചേർന്നു
മരം വീഴുന്നതിനു മുമ്പു കടയ്ക്കൽ വന്നു നിന്ന
വൃക്ഷ സ്നേഹി മരത്തിന്റെ കൊമ്പിന്മേൽ
ചുവപ്പു നിറത്തിലുള്ള കായ്കനികളായി
നോട്ടു പുസ്തകത്തിൽ സാഹിത്യകാരന്മാർ
നാളെകളിൽ മരത്തിന്റെ മരണകഥയെഴുതും
എന്നാലൊരിക്കലും , വിമാനപകടം നടന്നാൽ
വിമാനങ്ങൾ തീയിട്ട കഥയെഴുതാനാകില്ല .

Sunday, July 7, 2013

വീടിനരികിലെ നദിനദിക്കരയിലാണെന്റെ വീടു്
എത്ര മഹത്താണെന്റെ ജന്മം
വിശാലമായ ഒരു  നദിയുടെ
സമീപത്തു  ഞാൻ താമസിക്കുന്നു

പ്രഭാതത്തിൽ സൂര്യ കിരണങ്ങൾ
ജലോപരിതലത്തിൽ തട്ടി
പ്രകാശ കിരണങ്ങൾ വീടിനു
നേരെ പ്രതിഫലിക്കുമ്പോൾ
നദിയിലെ മീനുകളെ കൊത്തി
പറന്നു പോകുന്ന കൊറ്റികളുടെ
വെളുത്ത തൂവലുകൾ പ്രകാശിക്കും

രാത്രിയിൽ തെളിഞ്ഞ സ്ഫടികം
പോലെ നദിയിലെ ജലം
ചന്ദ്രന്റെ രൂപം ആകർഷകമാക്കും
നദിയിലൂടെ പോകുന്ന വിനോദ
സഞ്ചാര നൗകയിലെ യാത്രികർ
വീടിനു മുമ്പിൽ നില്ക്കുന്ന എന്റെ
നേരെ കൈവീശി കാണിക്കുമെന്നും

നദിയുടെ കരയിലിരുന്നാണു ഞാൻ
സ്വപ്നങ്ങൾ നെയ്തു കൂട്ടുന്നതും
കവികളെഴുതി തീർക്കുന്നതും
ഇതു എന്റെ വീടിനരികിലൂടെ
 ഒഴുകുന്നയൊരു നദിയാണു്  , ഞാൻ
സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും
ചെയ്യുന്ന എന്റെ പ്രിയപ്പെട്ട നദി

എന്നാൽ ചരിത്രവും സർക്കാരും
ഇപ്പോഴുമിതിനെ തോടെന്നു വിളിക്കുന്നു
കഷ്ടം അതു കൊണ്ടു് തന്നെ
ജനങ്ങൾ അതിലേക്കു ചപ്പും ചവറും
യഥേഷ്ടം വലിച്ചെറിയുന്നു
എന്നാണു് എന്റെ വീടിനരികിലൂടെ
സ്വപ്നങ്ങളെ സഫലീകരിച്ചുകൊണ്ടു്
ഒരു നദി സ്വച്ഛമായി  ഒഴുകുന്നതു്
സ്വപ്നങ്ങൾ നെയ്തും , കവിതകളെഴുതിയും
എന്നാണു്  ഞാൻ വീടിനരികിലൂടെ
ഒഴുകും നദിക്കരയിൽ ഇരിക്കുന്നതു് .Saturday, June 29, 2013

മഴയത്തു്പെയ്യുന്നു മഴ പെയ്യട്ടെ മഴ
തണുത്ത മഴത്തുള്ളികളുടെ
കുളിരിൽ കുതിരാമിനി
ജല വിരലുകളുടെ നനുത്ത
സ്പർശനമേറ്റു നനയാം
മഴ തരുന്നഭിനിവേശം സഖി.

മഴയുടെ സുഖമ സംഗീതം
നുകർന്നും , മഴയുടെ ചടുല
നൃത്ത ചുവടുകളിൽ ലയിച്ചും
മറക്കാമിനിയോർമ്മകളിൽ
അനിഷ്ടമുതിരും പോയ കാല
ദു :ഖ പുരാണങ്ങളെ സഖീ

സഖീ ഈ മേഘ ജലധാര
നമ്മുടെ വിമൂക ശോകം
തുടക്കുവാനെത്തുമാകാശ
ധന്യ പുണ്യ തീർത്ഥമാണു
ഒന്നിച്ചു ചേർന്നു നനയാമിനി
ഉള്ളിലുണരട്ടെ ഭഗീരഥന്റെ
ആഹ്ലാദ സല്ലാപ ഗീതങ്ങൾ .

Sunday, June 23, 2013

മരങ്ങൾഒരു ദിവസം കാതിനിമ്പമായി കേട്ടു ഞാൻ
മരങ്ങളുടെ കടയ്ക്കൽ ഒരിക്കലുമിനി മഴു 
കൊണ്ടു വെട്ടി മരങ്ങളെ വീഴ്ത്തില്ലെന്ന
പ്രതിജ്ഞയുടെ മുഴക്കങ്ങൾ വളരെ വ്യക്തമായി
അതു കൊണ്ടാകാം പറവകളന്നു കൂടുതൽ
ഉച്ചത്തിൽ ശബ്ജിച്ചും , ചിറകടിച്ചും ചില്ലകളിൽ
പറന്നിറങ്ങി ഇലകളെ ചുംബിക്കുന്നതു്
ആകാശത്തു നിന്നും നോക്കിയാൽ പച്ചപ്പരവതാനി
വിരിച്ച പോലെ നിരന്നു നിരന്നു ചേർന്നു നില്ക്കും
വൃക്ഷക്കൂട്ടങ്ങളിനി കാലങ്ങളെയതിജീവിക്കും
പറവകൾ അതിനാൽ സന്തോഷിക്കട്ടെ

ഒരു വരം പോലെ മഴ മേഘങ്ങളും വന്നെത്തുന്നു
വരണ്ടു വീണ്ടു കീറിയ മണ്ണിൽ പുതു മഴയിനി
പെയ്തിറങ്ങും ; മരങ്ങൾ സ്നാനത്തിനു തയ്യാറായി
ഇലകളും ചില്ലകളുമതു പ്രകടിപ്പിക്കുന്നു
അപ്പോൾ മുറിവേറ്റു പിടഞ്ഞു വീണ മരങ്ങളുടെ
നിശബ്ദ നിലവിളികൾ ഓർത്തു പോകയായി ഞാൻ
വിരലിലെണ്ണവുന്നവരുടെ കൂട്ടമായി മരങ്ങളുടെ
പ്രാണനായി യാചിച്ച കൊച്ചു വിലാപങ്ങൾ
ജീവൻ നിലനിറുത്തുന്നതിനു പറവകൾ ഫലങ്ങൾ
ചുണ്ടു കൊണ്ടടർത്തി ശ്രദ്ധപൂർവ്വം ഇടുമായിരുന്നു
എപ്പോഴോ കൊടുങ്കാറ്റു പോലെ വന്നുയവർ
വായ്ത്തല വെട്ടിത്തിളങ്ങുന്ന മഴു മരങ്ങളെ
വെട്ടി മുറിവേല്പിക്കുമ്പോൾ ആകാവുന്ന പോലെ
ഓരോ മരത്തെ ചുറ്റിപ്പിടിച്ചു നിന്നതാണു
ആഞ്ഞു പതിച്ച മരത്തോടൊപ്പം വീഴുമ്പോൾ
അടർന്നു മാറാതെ മരത്തിന്റ വേദനയിൽ വേദനിച്ചു

ഉണാരാനുള്ള വ്യഗ്രത കണ്ണുകളെ ഗ്രസിക്കുന്നു
വേണമെനിക്കുറക്കം നിദ്രയുടെ പടവിലിരുന്നാൽ
മരങ്ങൾ വെട്ടി വീഴ്ത്തില്ലെന്ന പ്രതിജ്ഞ
കേൾക്കാം , പറവകൾ ചില്ലകളിൽ പറന്നിറങ്ങി
ഇലകളെ മാറി, മാറി ചുംബിക്കുന്നതും കാണാം .

Sunday, May 26, 2013

യക്ഷിനിലാവു പെയ്യുന്ന രാത്രി .വഴിയിൽ ആളനക്കമില്ല.
ട്രെയിൻ ലേറ്റായതിനാലാണു് പാതിരാത്രി ഒറ്റക്ക്
അയാൾക്കു വീട്ടിലേക്കു നടന്നു പോകേണ്ടി വന്നതു്
വിജനമായ പാതയിലൂടെ നടക്കുമ്പോൾ അല്പാല്പം
മടുപ്പ് തോന്നുന്നുണ്ടു് . താണു കേണപേക്ഷിച്ചിട്ടും
ഇങ്ങോട്ടേക്കു ഓട്ടോക്കാരാരും വരാൻ തയ്യാറായില്ല
കാലും മേലും നല്ലതു പോലെ കഴച്ചു തുടങ്ങിയപ്പോൾ
അയാൾ റെയിൽവേസ്റ്റേഷനു മുമ്പിലെ ഓട്ടോക്കാരെ
കണക്കിനു ശപിച്ചു . ക്ഷീണം തീർക്കാൻ പെട്ടി വഴി
യരികിൽ വെച്ചു് അയാൾ അല്പ സമയം നിന്നു. മുന്നിൽ
ഒരു നിഴൽ രൂപം തെളിഞ്ഞു വരുന്നു.വെള്ള സാരിയുടുത്ത
സുന്ദരി മുന്നിൽ നില്ക്കുന്നു .അയാളുടെ കണ്ണുകൾ അവ
ളുടെ കാല്പദങ്ങളെ ഉഴിഞ്ഞു . ഭ്രമിയിൽ നിന്നും ഉയർന്നു
നില്ക്കയാണു് പാദങ്ങൾ . ചോദിക്കുന്നതിനു മുമ്പ് തന്നെ
അയാൾ പറഞ്ഞു
"എന്റെ കൈയ്യിൽ ചുണ്ണാമ്പില്ല .പേനാക്കത്തിയു
മില്ല . വേറെ എന്തു വേണം".

"ഒന്നും വേണ്ട . ആദ്യമായിട്ടാണു് എന്നോടു് ഒരാൾ ഇങ്ങനെ
പെരുമാറുന്നതു് . എന്തെല്ലാം കള്ള കഥകളാണു് പണ്ടു കാലം
മുതൽ പറഞ്ഞു പരത്തുന്നതു് ". അത്രയും പറഞ്ഞു് യക്ഷി
കരയാൻ തുടങ്ങി . യക്ഷിയെ ആശ്വസിപ്പിച്ചു കൊണ്ടു് അയാൾ
പറഞ്ഞു. "ആദ്യമായിട്ടാണു് ഒരു പെണ്ണു് എന്നോടു് ഈ വിധത്തിൽ
പെരുമാറുന്നതു്. സ്ത്രീപീഡനങ്ങളുടെ പേരിൽ പെണ്ണുങ്ങൾ
ഞങ്ങൾ ആണുങ്ങളുടെ അടുത്തു വരാറേയില്ല. പടച്ചട്ട പോലുള്ള
വസ്ത്രങ്ങളാണു് അവർ ധരിക്കാറുള്ളതു് . സ്വവർഗ്ഗ വിവാഹം
നിയമവിധേയമായതിനാൽ അവർ അവരുടെതായ ലോകത്തി
ലാണു് . കേട്ടിട്ടില്ലേ ആമസോൺ ചരിത്രം ,അതു പോലെ".
യക്ഷിക്കു അയാളുടെ പരിദേവനങ്ങൾ കേട്ട് സങ്കടം വന്നു.
"വരുന്നോ എന്റെ കൂടെ?.യക്ഷി അയാളെ ക്ഷണിച്ചു ".പിന്നെ
യക്ഷിയുടെ കൂടെ  അയാൾ ഏതോ ലോകത്തേക്ക് പോയി .

Friday, May 17, 2013

കൂരകൾ

കൂരയ്ക്കു മോളിലെയാകാശച്ചോട്ടിൽ
ഓരോരോ പാത്രങ്ങൾ നിരത്തി
കാലവർഷം കുതിച്ചെത്തും മഴത്തുള്ളികൾക്കു
പാർക്കുവാൻ കൂടൊരുക്കിയവർ
കൂനിക്കൂടിയിരിക്കുമവരെ തൊട്ടു
കടന്നു പോകുന്നു മിന്നലും
കാതു തകർക്കും പെരുമ്പറ മുഴക്കം
പിന്നാലെ വന്ന ഇടിനാദവും
വീടെന്നു പറഞ്ഞാൽ വീടിനു കോപമാം
അവ്വിധമൊരു രൂപം മാത്രം
പകൽവെട്ടവും നിലാവുമൊരു പോൽ
വന്നു കേറുമേഥേഷ്ടമെന്നും
കിടക്കയുമടുപ്പും സമ്മേളിക്കുമൊറ്റ
മുറി മാത്രമതു വീടത്രേ
അമ്മയും രണ്ടു കുഞ്ഞുങ്ങളുമവിടെ
വീടെന്നു കരുതി കഴിയൂ
മിന്നൽപ്പിണരിന്റെ ചെന്തീകണങ്ങൾ
ചുറ്റിപ്പടർന്നു പോയീടവെ
പേടിച്ചരണ്ട നാലു കുഞ്ഞു കണ്ണുകൾ
ജീവച്ഛവമായി നോക്കവെ
നിസ്സാഹയതയുടെയഗ്നിനാളങ്ങളാ
മാതാവിൻ ചിത്തമെരിച്ചിടൂ
കഥയല്ലിതു പച്ചയായ ജീവിതം തന്നെ
കേട്ടപ്പോളുള്ളു വാടിയെൻ
മട്ടുപ്പാവിലിരുന്നോർത്തുപോയി ഞാനിതു
മാളിക നീളെയുയയരുന്ന നാട്ടിലിന്നും
ഇതുപോൽ കൂരകൾ നീളവെ
അക്കൂരയ്ക്കുള്ളിൽ ജീവിതം മഴക്കും
മിന്നലിനും നേദിച്ചു കൊണ്ടു
കാലം തള്ളി നീക്കും ജന്മങ്ങളനവധി
കാത്തു കിടപ്പതുണ്ടിവിടെ .

ഒരനുഭവ കഥ കേട്ടതു് അടിസ്ഥാന
മാക്കി എഴുതിയതു് .

Tuesday, May 7, 2013

2013 -ൽ ജീൻസു് സാരിയോടു പറഞ്ഞതു്


നീ അഞ്ചു മുഴം
വർണ്ണ തുണികഷണം
ധരിക്കുന്നവരുടെ
സമയം കവർന്നെടുത്തു്
സദാ വിയർപ്പിൽ
കുളിപ്പിച്ചു് ,കുളിപ്പിച്ചു്
അസ്വസ്തയാക്കും
സമയ നഷ്ടമില്ലാതെ
ശര വേഗത്തിൽ
രണ്ടു കാലുറകളുടെ
പ്രവേശനത്താൽ
ഞാനോ, എല്ലാം ഭദ്രമാക്കും
ശേഷം ,
എനിക്കുള്ളതെല്ലാം
നിനക്കുണ്ടോ ?
നിനക്കില്ലാത്തതു പലതും
അപ്പോൾ
എനിക്കുണ്ടായിരിക്കും
നീ അഞ്ചു മുഴം
തുണികഷണം മാത്രം
അപ്പോഴും .

Saturday, May 4, 2013

ഭ്രാന്തു്ഇരു വശത്തുമായി നീണ്ടു പോകുന്ന
കെട്ടിടങ്ങളുടെ ഇടയിലൂടെ
കറുത്ത ചേല പോലെ നിവർന്നു
കിടക്കുന്ന പാതയിലൂടെ
ഞാൻഅയാളോടൊപ്പം നടക്കുകയാണു്

എങ്ങിനെയെത്തിയെന്ന ചോദ്യം
അയാൾ ചോദിച്ചിട്ടു് സമയമേറെയായി
ഓർമ്മകളിൽ തിരഞ്ഞും തപ്പിയും
അതിനുത്തരം കണ്ടെത്താൻ
നടപ്പിനിടയിൽ ഞാൻ ശ്രമിക്കുന്നുണ്ടു്

സുഹൃത്തായ മനശാസ്ത്രജ്ഞനെ
കാണാനെത്തിയ മദ്ധ്യാഹ്നത്തിൽ
 ചുട്ടു പഴുത്ത ഓർമ്മകൾ മനസ്സിൽ
തീപ്പൊള്ളലുകൾ ഏല്പിക്കുന്നു
കൂടെ വരാൻ പറഞ്ഞ പയ്യന്റെ കൂടെ
പോയതു തെളിഞ്ഞു വരുന്നുണ്ടു്
പിന്നെയൊന്നും ഓർമ്മയില്ല
അത്രയും  കാര്യം കൂടെ നടക്കുന്ന
ആളോടു ഒരു വിധം പറഞ്ഞു തീർത്തു
വാർഡിലേക്കു മടങ്ങാൻ നേരമാണു
അയാളെങ്ങിനെ ഇവിടെ എത്തിയെന്ന
ചോദ്യം എന്റെ മനസ്സിലുയർന്നതു്
അപ്പോൾ എന്നെ ഞെട്ടിപ്പിച്ചു കൊണ്ടു്
അയാൾ പിറുപിറുത്തതിങ്ങനെ
പ്രൊഫഷണൽ കോളേജുകൾ
ഈ ആസ്പത്രിയെക്കാൾ
എത്രയോ ഭേദമാണു സുഹൃത്തെ
പിന്നെ അയാൾ വയലന്റായി തീർന്നു
പോയ ഭ്രാന്തു് എന്നിൽ മടങ്ങി വന്നു .

Monday, April 29, 2013

നല്ല ശമരിയാക്കാരൻ

തെരുവിൽ വച്ചാണു എന്നെ പട്ടി കടിച്ചതു് . കണങ്കാലിലൂടെ
ചോരയൊഴുകി താഴോട്ടു വീണു പാദവും വിരലുകളും ചുവപ്പിൽ
കുളിച്ചു . സഹായത്തിനാരെ വിളിക്കാൻ . തെരുവു വിജനം.

തെരുവിലൂടെ ബംഗ്ലാവു പോലുള്ള കാറുകളിൽ മുന്തിയ
ഹോട്ടലുകളിലേക്കു നൈറ്റ് പാർട്ടിക്കു പോകുന്നവരെ സഹായത്തി
നായി മുറിവേറ്റ കാലുയർത്തി കാട്ടി ഞാൻ വിളിച്ചു നോക്കി . ആരു
ശ്രദ്ധിക്കാൻ . ഒന്നു രണ്ടു തവണ കൂടെ അതിനു ശ്രമിച്ചു പരാജയ
പ്പെട്ടു . പതുക്കെ മുടന്തി മുടന്തി ഞാൻ നടക്കാൻ തുടങ്ങി .

സാറേ നില്ക്കു് എന്തു പറ്റിയെന്ന ചോദ്യം കേട്ടു ഞാൻ തിരിഞ്ഞു
നോക്കി. മുല്ലപ്പൂ ചൂടി മുറുക്കി ചുവപ്പിച്ചു വാലിട്ടു കണ്ണെഴുതി
അല്പം മുഷിഞ്ഞ സാരി ഉടുത്ത ആ , സ്ത്രീയെ കണ്ടപ്പോഴെ
ആളെ പിടി കിട്ടി. എങ്കിലും ആ , അന്വേഷണം എന്നെ ആശ്വ
സിപ്പിച്ചു.
ഞാൻ , പട്ടി കടിച്ചു മുറിച്ച കാലു കാണിച്ചു കൊടുത്തു വിവ
രം പറഞ്ഞു . കാലിൽ ചുറ്റി കെട്ടാൻ എന്തെങ്കിലും തുണി ലഭിക്കു
മോയെന്നു തിരക്കി. ആ , നിശാസുന്ദരി കൈയ്യിലെ ബാഗ് തുറന്നു
നീണ്ട കർച്ചീഫെടുത്തു കുനിഞ്ഞു നിന്നു് എന്റെ കാലിലെ മുറിവിൽ
ആ, കർച്ചീഫ് കെട്ടി രക്തം ഒഴുകുന്നതിനു ശമനം വരുത്തുന്ന
സമയത്താണു് പോലീസു വാഹനം ഞങ്ങളുടെയടുത്തു ഇരമ്പി
വന്നു നിന്നതു് .

പോലീസുദ്യേഗസ്ഥൻ അടുത്തു വന്നു് ആജ്ഞാപിച്ചു . രണ്ടും
വന്നു് വണ്ടിയിൽ കേറു് . ഞാൻ, എന്നെ പട്ടി കടിച്ച വിവരം പോലീ
സിനോടു പറഞ്ഞു . മുറിവു പറ്റിയ കാലു് ഉയർത്തി പോലീസുദ്യോ
ഗസ്ഥനു നേരെ കാണിച്ചു കൊടുത്തു.
അതെല്ലാം അങ്ങു കോടതിയിൽ പറഞ്ഞാൽ മതി എന്നു പറഞ്ഞു്
അയാൾ ജീപ്പിനു നേരെ നടന്നു . ഞങ്ങൾ തല കുനിച്ചു പോലിസുദ്യോ
ഗസ്ഥനു പുറകെ നടന്നു. റോഡിൽ മുന്തിയ ഇനം കാറുകൾ നിറുത്തി
ചിലർ ഡോർ തുറന്നു പുറത്തിറങ്ങിയും ചിലർ ഗ്ലാസു താഴ്ത്തി കാറി
നകത്തിരുന്നും നോക്കുന്നതു കണ്ടു .

Tuesday, January 29, 2013

കമ്പൈൻഡു് സ്റ്റഡിഅവൾക്ക് മൂന്നു കൂട്ടുകാരുണ്ടു്
തെളിച്ചു പറഞ്ഞാൽ
അവൾ മൂന്നു പേരെ പ്രണയം
കൊണ്ടു വീർപ്പു മുട്ടിച്ചു
കടുത്ത പ്രണയം ഭ്രാന്തു
പിടിപ്പിക്കുമ്പോൾ
കാമിതാക്കൾ അവളെ
സെൽ ഫോണിൽ വിളിക്കും,
ഓരോരുത്തരും വിളിക്കുന്ന
സമയസന്ദർഭങ്ങൾ
അവൾക്കു സുപരിചിതം
ഫോൺ സല്ലാപം
യാമങ്ങൾ പിന്നിടുമ്പോൾ
പുലർകാല കോഴിയുടെ
കണ്ഠനാദം ഉറങ്ങാതെ
തന്നെ അവളെന്നും കേൾക്കും

"നോക്കെടിയെനിക്കു
മൂന്നു പേരാ" ,

ഇഷ്ട തോഴികളെ
അസൂയപ്പെടുത്തി
അവൾ തന്റെ പ്രണയത്തെ
മറവില്ലാതെ വെളിപ്പെടുത്തും

"വരുന്നോ സിനിമക്കു
എന്റെ കുട്ടാ "
മൂന്നു പേരും അവളോടു
ചോദിച്ചതു ഒരേ ചോദ്യം
"പിന്നെന്തടാ "മൂന്നു
പോരോടും അവൾ
പറഞ്ഞതും ഒരേ ഉത്തരം

ഒരു സുഹൃത്തുമായി
സിനിമക്കു പോയ
ദൗർഭാഗ്യവതിയുടെ
ദുരന്തം പത്രത്തലക്കെട്ടായ
അന്നു സന്ധ്യക്കു
ആദ്യം വാക്കു നല്തിയ
കാമിതാവിനോടൊപ്പം
വൈകുന്നേരം
സിനിമ കാണാൻ
അവൾ ഉത്സാഹിച്ചിറങ്ങി
എവിടെയാണെന്നു
അമ്മയുടെ പതിവു ചോദ്യം
കമ്പൈൻഡ് സ്റ്റഡിക്കെന്നു
പതിവു മറുപടിയും ......