Monday, April 29, 2013

നല്ല ശമരിയാക്കാരൻ

തെരുവിൽ വച്ചാണു എന്നെ പട്ടി കടിച്ചതു് . കണങ്കാലിലൂടെ
ചോരയൊഴുകി താഴോട്ടു വീണു പാദവും വിരലുകളും ചുവപ്പിൽ
കുളിച്ചു . സഹായത്തിനാരെ വിളിക്കാൻ . തെരുവു വിജനം.

തെരുവിലൂടെ ബംഗ്ലാവു പോലുള്ള കാറുകളിൽ മുന്തിയ
ഹോട്ടലുകളിലേക്കു നൈറ്റ് പാർട്ടിക്കു പോകുന്നവരെ സഹായത്തി
നായി മുറിവേറ്റ കാലുയർത്തി കാട്ടി ഞാൻ വിളിച്ചു നോക്കി . ആരു
ശ്രദ്ധിക്കാൻ . ഒന്നു രണ്ടു തവണ കൂടെ അതിനു ശ്രമിച്ചു പരാജയ
പ്പെട്ടു . പതുക്കെ മുടന്തി മുടന്തി ഞാൻ നടക്കാൻ തുടങ്ങി .

സാറേ നില്ക്കു് എന്തു പറ്റിയെന്ന ചോദ്യം കേട്ടു ഞാൻ തിരിഞ്ഞു
നോക്കി. മുല്ലപ്പൂ ചൂടി മുറുക്കി ചുവപ്പിച്ചു വാലിട്ടു കണ്ണെഴുതി
അല്പം മുഷിഞ്ഞ സാരി ഉടുത്ത ആ , സ്ത്രീയെ കണ്ടപ്പോഴെ
ആളെ പിടി കിട്ടി. എങ്കിലും ആ , അന്വേഷണം എന്നെ ആശ്വ
സിപ്പിച്ചു.
ഞാൻ , പട്ടി കടിച്ചു മുറിച്ച കാലു കാണിച്ചു കൊടുത്തു വിവ
രം പറഞ്ഞു . കാലിൽ ചുറ്റി കെട്ടാൻ എന്തെങ്കിലും തുണി ലഭിക്കു
മോയെന്നു തിരക്കി. ആ , നിശാസുന്ദരി കൈയ്യിലെ ബാഗ് തുറന്നു
നീണ്ട കർച്ചീഫെടുത്തു കുനിഞ്ഞു നിന്നു് എന്റെ കാലിലെ മുറിവിൽ
ആ, കർച്ചീഫ് കെട്ടി രക്തം ഒഴുകുന്നതിനു ശമനം വരുത്തുന്ന
സമയത്താണു് പോലീസു വാഹനം ഞങ്ങളുടെയടുത്തു ഇരമ്പി
വന്നു നിന്നതു് .

പോലീസുദ്യേഗസ്ഥൻ അടുത്തു വന്നു് ആജ്ഞാപിച്ചു . രണ്ടും
വന്നു് വണ്ടിയിൽ കേറു് . ഞാൻ, എന്നെ പട്ടി കടിച്ച വിവരം പോലീ
സിനോടു പറഞ്ഞു . മുറിവു പറ്റിയ കാലു് ഉയർത്തി പോലീസുദ്യോ
ഗസ്ഥനു നേരെ കാണിച്ചു കൊടുത്തു.
അതെല്ലാം അങ്ങു കോടതിയിൽ പറഞ്ഞാൽ മതി എന്നു പറഞ്ഞു്
അയാൾ ജീപ്പിനു നേരെ നടന്നു . ഞങ്ങൾ തല കുനിച്ചു പോലിസുദ്യോ
ഗസ്ഥനു പുറകെ നടന്നു. റോഡിൽ മുന്തിയ ഇനം കാറുകൾ നിറുത്തി
ചിലർ ഡോർ തുറന്നു പുറത്തിറങ്ങിയും ചിലർ ഗ്ലാസു താഴ്ത്തി കാറി
നകത്തിരുന്നും നോക്കുന്നതു കണ്ടു .