Friday, July 19, 2013

ശിശിരം കടന്നു് ഗ്രീഷ്മത്തിലേക്ക്


ശിശിരത്തിലെയുണങ്ങിയ
മരച്ചില്ല പോലെ
എന്റെ പ്രണയം നിശ്ചലം
തണുത്ത കാറ്റേല്ക്കുന്നു
ചതുര ഹിമക്കട്ടയിൽ തൊട്ടു
നിന്റെ ഉഷ്ണം പിൻവാങ്ങി
അതെന്റെ ചുണ്ടുകളായി
നീ തെറ്റിദ്ധരിച്ചതാണു്

ഹൃദയത്തിലേക്ക്
നിന്റെ ചുടു നിശ്വാസം
അടർന്നടന്നു വീഴുന്നു
അതു ചെന്നെത്തുന്നതു
ഒരു ഹിമപാതത്തിലേക്ക്

ന്യൂനമെത്രയോ കടന്ന
ശൈത്യത്തിന്റെയാഹ്ലാദം
ഏതൊരുയുഷ്ണമാപിനികളെയും
നിർദ്ദയം സ്തംഭിപ്പിക്കും
ഇല്ലാതെ പോകുമെന്നു
അറിയാവുന്ന ഗ്രീഷ്മം , വിടാതെ
എന്തിനു സഹചാരിയാകുന്നു

അസ്വീകാര്യതക്കു കീഴടങ്ങാത്ത
ഉഷ്ണമേ നില്ക്കൂ , സജ്ജയും
സന്നദ്ധയുമായി വെമ്പിടൂ
പ്രണയത്തിന്റെ മരച്ചില്ല
നിന്റെ ചുടു് ഇന്നെന്നെയുണർത്തി
ഈ , നീണ്ട കാത്തിരിപ്പു്
എന്റെ പ്രതിപത്തിക്കുള്ള ഉപായനം !

Monday, July 15, 2013

ദൈവവും മനുഷ്യനും


മുന്നേച്ചെന്നു പറഞ്ഞു
തെയ്യമെത്തുമെന്നു കൂടെയുള്ളോർ
നാലു കെട്ടിൻ നടുമിറ്റത്തു
കൂപ്പു കൈയ്യുമായി കരണോർ
കൂടെ വീട്ടുകാരെല്ലാരും
ഭക്തി കടുന്തുടി കൊട്ടും കൃഷ്ണ
മണികളാൽ നോക്കി
അത്രക്കു ഗുണം തേടിയത്രക്കു
അനുഗ്രഹ വർഷത്തിനായി

വളകൾ കിലുക്കി , കാൽച്ചിലമ്പു
കുലുക്കി ചുവടിനൊപ്പം
ലാസ്യ താണ്ഡവ നൃത്തം ചവിട്ടി
തമ്പുരാൻ കല്പിച്ചു നല്കിയ
ധർമ്മാനുഷ്ഠാനം , ഉരിയാട്ടു കേൾപ്പിച്ചു
അർച്ചനകളാം കണ്ണു വാങ്ങി
മൂക്കു വാങ്ങി , വെള്ളിപാത്രവും
കൈയ്യിലേറ്റു വാങ്ങി , ഗുണം
വരട്ടെയെന്നു മനം നിറഞ്ഞു
ചൊല്ലി വണ്ണാൻ, ഇന്നലെ
വായ് പൊത്തി ഓച്ഛനിച്ചു
നിന്ന , ചിരട്ടയിൽ കാപ്പി തന്ന
തറവാട്ടിനുള്ളിൽ കയറി
പൂമുഖം കടന്നു , മുറികൾ കടന്നു
പടിഞ്ഞാറ്റിയിലെ പവിത്രത
അറിഞ്ഞു , ചൊല്ലി ഗുണം വരട്ടെ
ഇവിടെല്ലാർക്കും ഗുണം വരട്ടെ
മഞ്ഞക്കുറി വീശി തൂകി , തെയ്യം

തൊഴുതൂ കാരണവർ , തെയ്യം
പടിയിറങ്ങുമ്പോളൊന്നു കൂടി
മുഖത്തെഴുത്തുയഴിച്ചു കളഞ്ഞു
അരച്ചമയങ്ങൾ മാറ്റി , നാളെ
വണ്ണാൻ വായ്പൊത്തി നില്ക്കുമീ
തറവാട്ടിൻ പടിക്കലാദരാൽ .

Saturday, July 13, 2013

മരത്തിന്റെ മരണം

 പടർന്നു കയറിയ വള്ളിച്ചെടി
തായ്ത്തടിയിൽ പറ്റിപ്പിടിച്ചു വേദനിച്ചതു്
അല്പ മാത്രയിൽ മാമരത്തോടൊപ്പം
തന്റെ അവസാനമടുത്തെന്ന തിരിച്ചറിവില്ലല്ല
മഴുവിന്റെ മൂർച്ച മരത്തിന്റെയാത്മാവു്
ഭേദിക്കുമ്പോൾ വേരുകളുടെ പിടച്ചിൽ
വള്ളിച്ചെടിക്കു അനുഭവേദ്യമായതിനാലാണു്

ശിഖരങ്ങളിൽ കൂടു കൂട്ടിയ പറവകൾ
നൗകയോടൊപ്പം മുങ്ങിത്താഴുന്ന നാവികരായി
വള്ളിച്ചെടി മരത്തോടു കൂടുതൽ ചേർന്നു
മരം വീഴുന്നതിനു മുമ്പു കടയ്ക്കൽ വന്നു നിന്ന
വൃക്ഷ സ്നേഹി മരത്തിന്റെ കൊമ്പിന്മേൽ
ചുവപ്പു നിറത്തിലുള്ള കായ്കനികളായി
നോട്ടു പുസ്തകത്തിൽ സാഹിത്യകാരന്മാർ
നാളെകളിൽ മരത്തിന്റെ മരണകഥയെഴുതും
എന്നാലൊരിക്കലും , വിമാനപകടം നടന്നാൽ
വിമാനങ്ങൾ തീയിട്ട കഥയെഴുതാനാകില്ല .

Sunday, July 7, 2013

വീടിനരികിലെ നദിനദിക്കരയിലാണെന്റെ വീടു്
എത്ര മഹത്താണെന്റെ ജന്മം
വിശാലമായ ഒരു  നദിയുടെ
സമീപത്തു  ഞാൻ താമസിക്കുന്നു

പ്രഭാതത്തിൽ സൂര്യ കിരണങ്ങൾ
ജലോപരിതലത്തിൽ തട്ടി
പ്രകാശ കിരണങ്ങൾ വീടിനു
നേരെ പ്രതിഫലിക്കുമ്പോൾ
നദിയിലെ മീനുകളെ കൊത്തി
പറന്നു പോകുന്ന കൊറ്റികളുടെ
വെളുത്ത തൂവലുകൾ പ്രകാശിക്കും

രാത്രിയിൽ തെളിഞ്ഞ സ്ഫടികം
പോലെ നദിയിലെ ജലം
ചന്ദ്രന്റെ രൂപം ആകർഷകമാക്കും
നദിയിലൂടെ പോകുന്ന വിനോദ
സഞ്ചാര നൗകയിലെ യാത്രികർ
വീടിനു മുമ്പിൽ നില്ക്കുന്ന എന്റെ
നേരെ കൈവീശി കാണിക്കുമെന്നും

നദിയുടെ കരയിലിരുന്നാണു ഞാൻ
സ്വപ്നങ്ങൾ നെയ്തു കൂട്ടുന്നതും
കവികളെഴുതി തീർക്കുന്നതും
ഇതു എന്റെ വീടിനരികിലൂടെ
 ഒഴുകുന്നയൊരു നദിയാണു്  , ഞാൻ
സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും
ചെയ്യുന്ന എന്റെ പ്രിയപ്പെട്ട നദി

എന്നാൽ ചരിത്രവും സർക്കാരും
ഇപ്പോഴുമിതിനെ തോടെന്നു വിളിക്കുന്നു
കഷ്ടം അതു കൊണ്ടു് തന്നെ
ജനങ്ങൾ അതിലേക്കു ചപ്പും ചവറും
യഥേഷ്ടം വലിച്ചെറിയുന്നു
എന്നാണു് എന്റെ വീടിനരികിലൂടെ
സ്വപ്നങ്ങളെ സഫലീകരിച്ചുകൊണ്ടു്
ഒരു നദി സ്വച്ഛമായി  ഒഴുകുന്നതു്
സ്വപ്നങ്ങൾ നെയ്തും , കവിതകളെഴുതിയും
എന്നാണു്  ഞാൻ വീടിനരികിലൂടെ
ഒഴുകും നദിക്കരയിൽ ഇരിക്കുന്നതു് .