Thursday, March 1, 2012

ഒരു വീടിന്റെ കഥ


വീടങ്ങിനെയാണു്
അതെല്ലാവരെയും
ഇഷ്ടപ്പെടും ;
എല്ലാവരെയും
സ്നേഹിക്കയും ചെയ്യും
വീടിനു വിഭാഗിയതില്ല
വീടൊരു ഗ്രൂപ്പിലോ
പക്ഷത്തോ കൂടില്ല .

ചുമരുകളും , വാതിലുകളും
ജന്നലുകളും ,  വരാന്തയും
കിടപ്പുമുറികളും , ചായ്പ്പും
ആരോടും ദേഷ്യപ്പെടാറില്ല
ജന്നലിലൂടെയെത്തുന്ന
കാറ്റ് എല്ലാവര്‍ക്കും കൊള്ളാം
ചുമരിന്മേല്‍ ആരുടെ
ഫോട്ടോയും ആണിയടിച്ചു
തൂക്കിയിടാം,
ഏതു നിറത്തിലുള്ള
മാലയും ചാര്‍ത്തിക്കാം
വീടങ്ങിനെയാണു് .

വീട്ടില്‍ സദാ നടക്കുന്ന
വലിയ വഴക്കുകള്‍
അലോസരപ്പെടുത്തും,
എങ്കിലും
താമസക്കാരുടെ
സ്വകാര്യതയില്‍
ഒരിക്കലും  ഇടപെടാറില്ല
വീടു് അങ്ങിനെയാണു്

അസ്വാഭാവികമായി
ഒരു പതിവു തെറ്റിക്കല്‍
ഒരിക്കലുണ്ടായി
വീടിന്റെ തന്നെ
ചരിത്രത്തിലാദ്യം

കിടപ്പു മുറിയുടെ
കട്ടിളക്കു മുകളിലായി
ഒരു , ഒളിക്യാമറ ,
ഇണക്കിളിയുടെ പ്രാണന്‍
കൊരുത്തെടുത്ത വേടന്റെ
അമ്പു പോലെ ഒളിക്യാമറ !!!
ആദി കവി കുറിച്ച ,
ആദ്യകവിതാ ശകലം
വീടിന്റെ ചുണ്ടുകളില്‍
ശാപ വചസ്സുകളായി
മാ ! നിഷാദ.......
കണ്ണുകളില്‍ മങ്ങാത്ത
ചുവന്ന വെളിച്ചവുമായി
ഒരു മഹാനായ ചിന്തകന്റെ
അദൃശ്യ പ്രതിഷേധവും !

ഒന്നുമറിയാതെ
ആണ്‍ കിളി , ഇണയെ
പ്രണയത്തോടെ
അപ്പോള്‍ കടാക്ഷി -
ക്കുകയായിരുന്നു .

തീര്‍ന്നില്ല വീടിന്റെ
കൊണ്ടേ പോകുന്ന
കണ്ടക ശനി
ചുമരില്‍ , പണ്ഡിറ്റ്ജിക്കു
പകരം ഒബാമയുടെ
പുഞ്ചിരിക്കുന്ന ചിത്രം
എന്നാല്‍ ഒബാമയുടെ
നെഞ്ചത്തു്
റോസാപ്പൂവില്ലല്ലോ.








7 comments:

  1. വളരെ മനോഹരമായി.
    ഒരു വിയോജിപ്പ്. അവസാനത്തെ സ്ടാന്സ മുഴച്ചിരിക്കുംപോലെ തോന്നി, ഉദ്ദേശവുംഅത്രയ്ക്കങ്ങട് മനസ്സിലായില്ല.

    ReplyDelete
  2. ഒബാമയുടെ നെഞ്ചത്ത് റോസാപ്പൂവില്ലല്ലോ. വളരെ ഇഷ്ടപ്പെട്ടു ഈ വാക്കുകള്‍.

    ReplyDelete
  3. അത്രയ്ക്ക് ആയോ..നെഹൃവിനെ മാറ്റി ഒബാമയെ പ്രതിഷ്ഠിക്കാന്‍ മാത്രം.

    ReplyDelete
  4. "താമസക്കാരുടെ
    സ്വകാര്യതയില്‍
    ഒരിക്കലും ഇടപെടാറില്ല
    വീടു് അങ്ങിനെയാണു്"

    ഇത് വീടിന്റെ മാത്രം കഥയല്ല..
    ഇപ്പോള്‍ ഏതു സ്ഥലത്തും നടക്കാവുന്ന ഒരു കഥ തന്നെ..
    ഒളിക്യാമറയുടെ കഥ..

    ReplyDelete
  5. കരയുവാനും പറയുവാനും
    കഴിയാതെ
    കാണുവാനും കേൾക്കുവാനും
    കഴിയുന്ന
    വീട്‌

    ReplyDelete
  6. ഒബാമയുടെ നെഞ്ചത്ത് റോസാപ്പൂവില്ലല്ലോ..

    ഒത്തിരി ഇഷ്ടമായി.

    ReplyDelete
  7. താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌ . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് )

    ReplyDelete