Friday, May 17, 2013

കൂരകൾ

കൂരയ്ക്കു മോളിലെയാകാശച്ചോട്ടിൽ
ഓരോരോ പാത്രങ്ങൾ നിരത്തി
കാലവർഷം കുതിച്ചെത്തും മഴത്തുള്ളികൾക്കു
പാർക്കുവാൻ കൂടൊരുക്കിയവർ
കൂനിക്കൂടിയിരിക്കുമവരെ തൊട്ടു
കടന്നു പോകുന്നു മിന്നലും
കാതു തകർക്കും പെരുമ്പറ മുഴക്കം
പിന്നാലെ വന്ന ഇടിനാദവും
വീടെന്നു പറഞ്ഞാൽ വീടിനു കോപമാം
അവ്വിധമൊരു രൂപം മാത്രം
പകൽവെട്ടവും നിലാവുമൊരു പോൽ
വന്നു കേറുമേഥേഷ്ടമെന്നും
കിടക്കയുമടുപ്പും സമ്മേളിക്കുമൊറ്റ
മുറി മാത്രമതു വീടത്രേ
അമ്മയും രണ്ടു കുഞ്ഞുങ്ങളുമവിടെ
വീടെന്നു കരുതി കഴിയൂ
മിന്നൽപ്പിണരിന്റെ ചെന്തീകണങ്ങൾ
ചുറ്റിപ്പടർന്നു പോയീടവെ
പേടിച്ചരണ്ട നാലു കുഞ്ഞു കണ്ണുകൾ
ജീവച്ഛവമായി നോക്കവെ
നിസ്സാഹയതയുടെയഗ്നിനാളങ്ങളാ
മാതാവിൻ ചിത്തമെരിച്ചിടൂ
കഥയല്ലിതു പച്ചയായ ജീവിതം തന്നെ
കേട്ടപ്പോളുള്ളു വാടിയെൻ
മട്ടുപ്പാവിലിരുന്നോർത്തുപോയി ഞാനിതു
മാളിക നീളെയുയയരുന്ന നാട്ടിലിന്നും
ഇതുപോൽ കൂരകൾ നീളവെ
അക്കൂരയ്ക്കുള്ളിൽ ജീവിതം മഴക്കും
മിന്നലിനും നേദിച്ചു കൊണ്ടു
കാലം തള്ളി നീക്കും ജന്മങ്ങളനവധി
കാത്തു കിടപ്പതുണ്ടിവിടെ .

ഒരനുഭവ കഥ കേട്ടതു് അടിസ്ഥാന
മാക്കി എഴുതിയതു് .

1 comment:

  1. പച്ചയായ ജീവിതം ദുഃഖമയം

    ReplyDelete