Sunday, May 26, 2013

യക്ഷി



നിലാവു പെയ്യുന്ന രാത്രി .വഴിയിൽ ആളനക്കമില്ല.
ട്രെയിൻ ലേറ്റായതിനാലാണു് പാതിരാത്രി ഒറ്റക്ക്
അയാൾക്കു വീട്ടിലേക്കു നടന്നു പോകേണ്ടി വന്നതു്
വിജനമായ പാതയിലൂടെ നടക്കുമ്പോൾ അല്പാല്പം
മടുപ്പ് തോന്നുന്നുണ്ടു് . താണു കേണപേക്ഷിച്ചിട്ടും
ഇങ്ങോട്ടേക്കു ഓട്ടോക്കാരാരും വരാൻ തയ്യാറായില്ല
കാലും മേലും നല്ലതു പോലെ കഴച്ചു തുടങ്ങിയപ്പോൾ
അയാൾ റെയിൽവേസ്റ്റേഷനു മുമ്പിലെ ഓട്ടോക്കാരെ
കണക്കിനു ശപിച്ചു . ക്ഷീണം തീർക്കാൻ പെട്ടി വഴി
യരികിൽ വെച്ചു് അയാൾ അല്പ സമയം നിന്നു. മുന്നിൽ
ഒരു നിഴൽ രൂപം തെളിഞ്ഞു വരുന്നു.വെള്ള സാരിയുടുത്ത
സുന്ദരി മുന്നിൽ നില്ക്കുന്നു .അയാളുടെ കണ്ണുകൾ അവ
ളുടെ കാല്പദങ്ങളെ ഉഴിഞ്ഞു . ഭ്രമിയിൽ നിന്നും ഉയർന്നു
നില്ക്കയാണു് പാദങ്ങൾ . ചോദിക്കുന്നതിനു മുമ്പ് തന്നെ
അയാൾ പറഞ്ഞു
"എന്റെ കൈയ്യിൽ ചുണ്ണാമ്പില്ല .പേനാക്കത്തിയു
മില്ല . വേറെ എന്തു വേണം".

"ഒന്നും വേണ്ട . ആദ്യമായിട്ടാണു് എന്നോടു് ഒരാൾ ഇങ്ങനെ
പെരുമാറുന്നതു് . എന്തെല്ലാം കള്ള കഥകളാണു് പണ്ടു കാലം
മുതൽ പറഞ്ഞു പരത്തുന്നതു് ". അത്രയും പറഞ്ഞു് യക്ഷി
കരയാൻ തുടങ്ങി . യക്ഷിയെ ആശ്വസിപ്പിച്ചു കൊണ്ടു് അയാൾ
പറഞ്ഞു. "ആദ്യമായിട്ടാണു് ഒരു പെണ്ണു് എന്നോടു് ഈ വിധത്തിൽ
പെരുമാറുന്നതു്. സ്ത്രീപീഡനങ്ങളുടെ പേരിൽ പെണ്ണുങ്ങൾ
ഞങ്ങൾ ആണുങ്ങളുടെ അടുത്തു വരാറേയില്ല. പടച്ചട്ട പോലുള്ള
വസ്ത്രങ്ങളാണു് അവർ ധരിക്കാറുള്ളതു് . സ്വവർഗ്ഗ വിവാഹം
നിയമവിധേയമായതിനാൽ അവർ അവരുടെതായ ലോകത്തി
ലാണു് . കേട്ടിട്ടില്ലേ ആമസോൺ ചരിത്രം ,അതു പോലെ".
യക്ഷിക്കു അയാളുടെ പരിദേവനങ്ങൾ കേട്ട് സങ്കടം വന്നു.
"വരുന്നോ എന്റെ കൂടെ?.യക്ഷി അയാളെ ക്ഷണിച്ചു ".പിന്നെ
യക്ഷിയുടെ കൂടെ  അയാൾ ഏതോ ലോകത്തേക്ക് പോയി .

Friday, May 17, 2013

കൂരകൾ

കൂരയ്ക്കു മോളിലെയാകാശച്ചോട്ടിൽ
ഓരോരോ പാത്രങ്ങൾ നിരത്തി
കാലവർഷം കുതിച്ചെത്തും മഴത്തുള്ളികൾക്കു
പാർക്കുവാൻ കൂടൊരുക്കിയവർ
കൂനിക്കൂടിയിരിക്കുമവരെ തൊട്ടു
കടന്നു പോകുന്നു മിന്നലും
കാതു തകർക്കും പെരുമ്പറ മുഴക്കം
പിന്നാലെ വന്ന ഇടിനാദവും
വീടെന്നു പറഞ്ഞാൽ വീടിനു കോപമാം
അവ്വിധമൊരു രൂപം മാത്രം
പകൽവെട്ടവും നിലാവുമൊരു പോൽ
വന്നു കേറുമേഥേഷ്ടമെന്നും
കിടക്കയുമടുപ്പും സമ്മേളിക്കുമൊറ്റ
മുറി മാത്രമതു വീടത്രേ
അമ്മയും രണ്ടു കുഞ്ഞുങ്ങളുമവിടെ
വീടെന്നു കരുതി കഴിയൂ
മിന്നൽപ്പിണരിന്റെ ചെന്തീകണങ്ങൾ
ചുറ്റിപ്പടർന്നു പോയീടവെ
പേടിച്ചരണ്ട നാലു കുഞ്ഞു കണ്ണുകൾ
ജീവച്ഛവമായി നോക്കവെ
നിസ്സാഹയതയുടെയഗ്നിനാളങ്ങളാ
മാതാവിൻ ചിത്തമെരിച്ചിടൂ
കഥയല്ലിതു പച്ചയായ ജീവിതം തന്നെ
കേട്ടപ്പോളുള്ളു വാടിയെൻ
മട്ടുപ്പാവിലിരുന്നോർത്തുപോയി ഞാനിതു
മാളിക നീളെയുയയരുന്ന നാട്ടിലിന്നും
ഇതുപോൽ കൂരകൾ നീളവെ
അക്കൂരയ്ക്കുള്ളിൽ ജീവിതം മഴക്കും
മിന്നലിനും നേദിച്ചു കൊണ്ടു
കാലം തള്ളി നീക്കും ജന്മങ്ങളനവധി
കാത്തു കിടപ്പതുണ്ടിവിടെ .

ഒരനുഭവ കഥ കേട്ടതു് അടിസ്ഥാന
മാക്കി എഴുതിയതു് .

Tuesday, May 7, 2013

2013 -ൽ ജീൻസു് സാരിയോടു പറഞ്ഞതു്


നീ അഞ്ചു മുഴം
വർണ്ണ തുണികഷണം
ധരിക്കുന്നവരുടെ
സമയം കവർന്നെടുത്തു്
സദാ വിയർപ്പിൽ
കുളിപ്പിച്ചു് ,കുളിപ്പിച്ചു്
അസ്വസ്തയാക്കും
സമയ നഷ്ടമില്ലാതെ
ശര വേഗത്തിൽ
രണ്ടു കാലുറകളുടെ
പ്രവേശനത്താൽ
ഞാനോ, എല്ലാം ഭദ്രമാക്കും
ശേഷം ,
എനിക്കുള്ളതെല്ലാം
നിനക്കുണ്ടോ ?
നിനക്കില്ലാത്തതു പലതും
അപ്പോൾ
എനിക്കുണ്ടായിരിക്കും
നീ അഞ്ചു മുഴം
തുണികഷണം മാത്രം
അപ്പോഴും .

Saturday, May 4, 2013

ഭ്രാന്തു്



ഇരു വശത്തുമായി നീണ്ടു പോകുന്ന
കെട്ടിടങ്ങളുടെ ഇടയിലൂടെ
കറുത്ത ചേല പോലെ നിവർന്നു
കിടക്കുന്ന പാതയിലൂടെ
ഞാൻഅയാളോടൊപ്പം നടക്കുകയാണു്

എങ്ങിനെയെത്തിയെന്ന ചോദ്യം
അയാൾ ചോദിച്ചിട്ടു് സമയമേറെയായി
ഓർമ്മകളിൽ തിരഞ്ഞും തപ്പിയും
അതിനുത്തരം കണ്ടെത്താൻ
നടപ്പിനിടയിൽ ഞാൻ ശ്രമിക്കുന്നുണ്ടു്

സുഹൃത്തായ മനശാസ്ത്രജ്ഞനെ
കാണാനെത്തിയ മദ്ധ്യാഹ്നത്തിൽ
 ചുട്ടു പഴുത്ത ഓർമ്മകൾ മനസ്സിൽ
തീപ്പൊള്ളലുകൾ ഏല്പിക്കുന്നു
കൂടെ വരാൻ പറഞ്ഞ പയ്യന്റെ കൂടെ
പോയതു തെളിഞ്ഞു വരുന്നുണ്ടു്
പിന്നെയൊന്നും ഓർമ്മയില്ല
അത്രയും  കാര്യം കൂടെ നടക്കുന്ന
ആളോടു ഒരു വിധം പറഞ്ഞു തീർത്തു
വാർഡിലേക്കു മടങ്ങാൻ നേരമാണു
അയാളെങ്ങിനെ ഇവിടെ എത്തിയെന്ന
ചോദ്യം എന്റെ മനസ്സിലുയർന്നതു്
അപ്പോൾ എന്നെ ഞെട്ടിപ്പിച്ചു കൊണ്ടു്
അയാൾ പിറുപിറുത്തതിങ്ങനെ
പ്രൊഫഷണൽ കോളേജുകൾ
ഈ ആസ്പത്രിയെക്കാൾ
എത്രയോ ഭേദമാണു സുഹൃത്തെ
പിന്നെ അയാൾ വയലന്റായി തീർന്നു
പോയ ഭ്രാന്തു് എന്നിൽ മടങ്ങി വന്നു .