Tuesday, March 11, 2014

വാദ്യവും ജാതിയും



തിമിലയുടെ തോലും ,
കൊട്ടുകാരന്റെ കൈവിരലുകളും
ജാതി നോക്കിയല്ല ദിവ്യമാം
വാദ്യ ഘോഷമുതിർത്തെന്നും
ദൈവ സന്നിധി ധന്യമാക്കുന്നതു് .
ദീപങ്ങൾക്കു പ്രാണനേകി
ശ്രീകോവിലിൻ തിരുനടകളെ
പ്രഭാപൂരിതമാക്കും വിളക്കെണ്ണയെ
ചക്കാലന്റെ മുദ്രച്ചാർത്തി
പരിത്യജിക്കാറുണ്ടോ നിങ്ങൾ ?
ചെറുമനും ചെറുമത്തിയും
വിയർപ്പു മണികളണിയിച്ച
കതിർക്കുല പാകമായി തീർന്ന
നെന്മണികൾ കൊണ്ടു തീർത്ത
പടച്ചോറു എത്രമാത്രം പത്ഥ്യം .
ശാലിയൻ നെയ്ത പട്ടുടുത്തു
ദൈവങ്ങൾ പ്രസാദിക്കുമ്പോൾ
ജാതിയുടെ അതിർവരമ്പുകൾ
ഛിന്നഭിന്നമാകുന്നതറിയുക
കൊട്ടട്ടെ തിമില , കലാകാരൻ
അതാണവന്റെ ജാതിയെന്നറിയൂ
കൊട്ടട്ടെ തിമില , കലാകാരൻ
അതാണു ദേവഹിതമെന്നറിയൂ .